അഞ്ചല്‍ : വീടിനായി മാറ്റിവച്ച സ്ഥലം ഒഴികെ പുരയിടത്തിലെ ഓരോ ഇഞ്ചിലും കൃഷി. അലയമണ്‍ പഞ്ചായത്തിലെ തെക്കേഭാഗം പുത്തങ്കല് വീട്ടില്‍ സുരേന്ദ്രന്റെ 20 സെന്റ് സ്ഥലത്താണ് ഈ വേറിട്ട കൃഷിക്കാഴ്ച.
വീടിന് ചുറ്റുമുള്ള സ്ഥലമൊന്നും വെറുതെയിടാതെ വിവിധയിനം കൃഷികള്‍ ഒരുക്കിയിരിക്കുകയാണ് സുരേന്ദ്രന്. പ്ലാവ്, മാവ്, പേര തുടങ്ങിയ ഫലവൃക്ഷങ്ങള്‍ക്കൊപ്പം ഇഞ്ചി, ചേന, ചേമ്പ്, പാവല്‍, വിവിധയിനം കുരുമുളക്, പൂകൃഷി തുടങ്ങി നിരവധി കൃഷികളാണ് ഇവിടെ വിളയുന്നത്.
ഒരു പുരയിടത്തില്‍ തന്നെ വൈവിധ്യമാര്‍ന്ന കൃഷികള്‍ എന്നതാണ് സുരേന്ദ്രന്റെ കൃഷിയിടത്തിന്റെ പ്രത്യേകത. ലഭ്യമായ സ്ഥലത്തെ പരമാവധി പ്രയോജനപ്പെടുത്തി സ്വന്തം അധ്വാനത്തിലൂടെ മികച്ച വിളവ് ഉറപ്പാക്കുക്കുന്ന സുരേന്ദ്രനൊപ്പം താങ്ങും തണലുമായി ഭാര്യ രാധയുമുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പാലക്കാട് നിന്നു ഇരുവരും അലയമണ്ണില്‍ ഭൂമി വാങ്ങി താമസം ആരംഭിക്കുന്നത്. കൃഷിയോടുള്ള താത്പര്യത്തിനൊപ്പം കൃത്യമായ പരിപാലനവും സുരേന്ദ്രന്റെ കൃഷിയിടത്തെ ശ്രദ്ധേയമാക്കുന്നു. വീട്ടാവശ്യങ്ങള്‍ക്കുള്ള പച്ചക്കറികളും പഴങ്ങളും ലഭിക്കുന്നതിനൊപ്പം, കൃഷിയിലൂടെ വരുമാനവും കണ്ടെത്തുകയാണ് ലക്ഷ്യം. സുരേന്ദ്രന്റെ കൃഷിരീതികള്‍ കാണുന്നതിനും മനസിലാക്കുന്നതിനും എത്തുവരുടെയും കാര്‍ഷിക വിളകള്‍ വാങ്ങുന്നതിന് എത്തുന്നവരുടെയും എണ്ണം കുറവല്ല.
സുരേന്ദ്രന്റെ കൃഷിയാത്രയ്ക്ക് ആവശ്യമായ നിര്‍ദേശങ്ങളും പിന്തുണയുമായി കൃഷിവകുപ്പും ഒപ്പമുണ്ട്. ഒരുതവണ അലയമണ്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് സുരേന്ദ്രന് ലഭിച്ചു. സംസ്ഥാനതല അവാര്‍ഡിനും കൃഷി വകുപ്പ് പേര് ശിപാര്‍ശ ചെയ്തിരുന്നു. സ്ഥലം ചെറുതാണെങ്കിലും കൃഷി ചെയ്യാനുള്ള മനസുണ്ടെങ്കില്‍ മണ്ണില്‍ പൊന്നുവിളയിക്കാമെന്നതിന്റെ മാതൃകയാണ് സുരേന്ദ്രന്റെ 20 സെന്റ് പുര യിടം.